Home / Malayalam / Malayalam Bible / Web / Daniel

 

Daniel, Chapter 12

  
1. ആ കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കും തുണനിലക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേലക്കും; ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
  
2. നിലത്തിലെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
  
3. എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
  
4. നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും.
  
5. അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റുരണ്ടാള്‍ ഒരുത്തന്‍ നദീതീരത്തു ഇക്കരെയും മറ്റവന്‍ നദീതീരത്തു അക്കരെയും നിലക്കുന്നതു കണ്ടു.
  
6. എന്നാല്‍ ഒരുവന്‍ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷനോടുഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും എന്നു ചോദിച്ചു.
  
7. ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന്‍ വലങ്കയ്യും ഇടങ്കയ്യും സ്വര്‍ഗ്ഗത്തേക്കുയര്‍ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.
  
8. ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാല്‍ ഞാന്‍ യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.
  
9. അതിന്നു അവന്‍ ഉത്തരം പറഞ്ഞതുദാനീയേലേ, പൊയ്ക്കൊള്‍ക; ഈ വചനങ്ങള്‍ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.
  
10. പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവര്‍ത്തിക്കും; ദുഷ്ടന്മാരില്‍ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
  
11. നിരിന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതല്‍ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.
  
12. ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവന്‍ ഭാഗ്യവാന്‍ .
  
13. നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.