Home / Malayalam / Malayalam Bible / Web / Deuteronomy

 

Deuteronomy, Chapter 8

  
1. നിങ്ങള്‍ ജീവിച്ചിരിക്കയും വര്‍ദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.
  
2. നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഔര്‍ക്കേണം.
  
3. അവന്‍ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായില്‍നിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു.
  
4. ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീര്‍ണ്ണിച്ചുപോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.
  
5. ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചുവളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളര്‍ത്തുന്നു എന്നു നീ മനസ്സില്‍ ധ്യാനിച്ചുകൊള്ളേണം.
  
6. ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകള്‍ പ്രമാണിക്കേണം.
  
7. നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
  
8. കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
  
9. ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളില്‍ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
  
10. നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
  
11. നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
  
12. നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള്‍ പണിതു അവയില്‍ പാര്‍ക്കുംമ്പോഴും
  
13. നിന്റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
  
14. നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും
  
15. അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്‍നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
  
16. നിന്നെ താഴ്ത്തി പരീക്ഷിച്ചു പിന്‍ കാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയില്‍ നിന്നെ നിന്റെ പിതാക്കന്മാര്‍ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു
  
17. എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തില്‍ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
  
18. നിന്റെ ദൈവമായ യഹോവയെ നീ ഔര്‍ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തിതരുന്നതു.
  
19. നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
  
20. നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങള്‍ കേള്‍ക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പില്‍ നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.