Home / Malayalam / Malayalam Bible / Web / Ecclesiastes

 

Ecclesiastes, Chapter 4

  
1. പിന്നെയും ഞാന്‍ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്കും ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല്‍ അവര്‍ ബലാല്‍ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.
  
2. ആകയാല്‍ ഇപ്പോള്‍ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാള്‍ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാന്‍ പ്രശംസിച്ചു.
  
3. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന്‍ ഭാഗ്യവാന്‍ .
  
4. സകലപ്രയത്നവും സാമര്‍ത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയില്‍നിന്നുളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
  
5. മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
  
6. രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
  
7. ഞാന്‍ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
  
8. ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാല്‍ താന്‍ ആര്‍ക്കുംവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
  
9. ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു; അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു.
  
10. വീണാല്‍ ഒരുവന്‍ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന്‍ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
  
11. രണ്ടുപേര്‍ ഒന്നിച്ചു കിടന്നാല്‍ അവര്‍ക്കും കുളിര്‍ മാറും; ഒരുത്തന്‍ തന്നേ ആയാലോ എങ്ങനെ കുളിര്‍ മാറും?
  
12. ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോടു എതിര്‍ത്തുനില്‍ക്കാം; മുപ്പിരിച്ചരടു വേഗത്തില്‍ അറ്റുപോകയില്ല.
  
13. പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം.
  
14. അവന്‍ മറ്റേവന്റെ രാജ്യത്തില്‍ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തില്‍ നിന്നു വരുന്നു.
  
15. മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവര്‍ ഒക്കെയും ചേര്‍ന്നിരിക്കുന്നതു ഞാന്‍ കണ്ടു.
  
16. അവന്‍ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവര്‍ അവനില്‍ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.