Home / Malayalam / Malayalam Bible / Web / Ezekiel

 

Ezekiel, Chapter 19

  
1. നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു
  
2. നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി.
  
3. അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
  
4. ജാതികള്‍ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയില്‍ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
  
5. എന്നാല്‍ അവള്‍ താന്‍ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില്‍ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
  
6. അവനും സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
  
7. അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്‍ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
  
8. അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്നു അവന്റെ നേരെ വന്നു അവന്റെ മേല്‍ വല വീശി അവന്‍ അവരുടെ കുഴിയില്‍ അകപ്പെട്ടു.
  
9. അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി.
  
10. നിന്റെ അമ്മ, മുന്തിരിത്തോട്ടത്തില്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
  
11. അതില്‍ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില്‍ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.
  
12. എന്നാല്‍ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.
  
13. ഇപ്പോള്‍ അതിനെ മരുഭൂമിയില്‍ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
  
14. അതിന്റെ കൊമ്പുകളിലെ ഒരു കോലില്‍നിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന്‍ തക്കബലമുള്ള കോല്‍ അതില്‍നിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.