Home / Malayalam / Malayalam Bible / Web / Ezekiel

 

Ezekiel, Chapter 7

  
1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍മനുഷ്യപുത്രാ,
  
2. മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു യിസ്രായേല്‍ദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
  
3. ഇപ്പോള്‍ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാന്‍ എന്റെ കോപം നിന്റെമേല്‍ അയച്ചു നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരംചെയ്യും.
  
4. എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
  
5. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു അനര്‍ത്ഥം ഒരു അനര്‍ത്ഥം ഇതാ, വരുന്നു!
  
6. അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണര്‍ന്നുവരുന്നു! ഇതാ, അതു വരുന്നു.
  
7. ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.
  
8. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു, എന്റെ കോപം നിന്നില്‍ നിവര്‍ത്തിക്കും; ഞാന്‍ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.
  
9. എന്റെ കണ്ണു ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള്‍ അറിയും.
  
10. ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നു.
  
11. സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.
  
12. കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
  
13. അവര്‍ ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില്‍ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
  
14. അവര്‍ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാല്‍ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാല്‍ ആരും യുദ്ധത്തിന്നു പോകുന്നില്ല,
  
15. പുറത്തു വാള്‍, അകത്തു മഹാമാരിയും ക്ഷാമവും; വയലില്‍ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തില്‍ ഇരിക്കുന്നവന്‍ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.
  
16. എന്നാല്‍ അവരില്‍വെച്ചു ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍ ഇരുന്നു കുറുകുകയും ചെയ്യും.
  
17. എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.
  
18. അവര്‍ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
  
19. അവര്‍ തങ്ങളുടെ വെള്ളി വീഥികളില്‍ എറിഞ്ഞുകളയും; പൊന്നു അവര്‍ക്കും മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തില്‍ അവരെ വിടുവിപ്പാന്‍ കഴികയില്ല; അതിനാല്‍ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവര്‍ക്കും അകൃത്യഹേതു ആയിരുന്നുവല്ലോ.
  
20. അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.
  
21. ഞാന്‍ അതു അന്യന്മാരുടെ കയ്യില്‍ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കും കൊള്ളയായും കൊടുക്കും; അവര്‍ അതു അശുദ്ധമാക്കും.
  
22. ഞന്‍ എന്റെ മുഖം അവരില്‍നിന്നു തിരിക്കും. അവര്‍ എന്റെ വിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.
  
23. ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല്‍ നീ ഒരു ചങ്ങല ഉണ്ടാക്കുക.
  
24. ഞാന്‍ ജാതികളില്‍ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.
  
25. നാശം വരുന്നു! അവര്‍ സമാധാനം അന്വേഷിക്കും; എന്നാല്‍ അതു ഇല്ലാതെ ഇരിക്കും;
  
26. അപകടത്തിന്മേല്‍ അപകടവും ശ്രുതിമേല്‍ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍ പ്രവാചകനോടു ദര്‍ശനം അന്വേഷിക്കും; എന്നാല്‍ പുരോഹിതന്റെ പക്കല്‍നിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കല്‍നിന്നു ആലോചനയും പൊയ്പോകും.
  
27. രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകള്‍ വിറെക്കും; ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.