1. അന്നാളില്‍ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
2. അന്നു നിങ്ങള്‍ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിന്‍ .
3. യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.
4. ക്രോധം എനിക്കില്ല; യുദ്ധത്തില്‍ പറക്കാരയും മുള്‍പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
5. അല്ലെങ്കില്‍ അവന്‍ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
6. വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേല്‍ തളിര്‍ത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്‍ണ്ണമാകയും ചെയ്യും.
7. അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നതു?
8. അവരെ ഉപേക്ഷിച്ചതിനാല്‍ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കന്‍ കാറ്റുള്ള നാളില്‍ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
9. ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിര്‍ന്നുനില്‍ക്കയില്ല.
10. ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും.
11. അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിര്‍മ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവന്‍ അവര്‍ക്കും കൃപ കാണിക്കയുമില്ല.
12. അന്നാളില്‍ യഹോവ നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഔരോന്നായി പെറുക്കി എടുക്കും.
13. അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.