Home / Malayalam / Malayalam Bible / Web / Isaiah

 

Isaiah, Chapter 31

  
1. യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
  
2. എന്നാല്‍ അവനും ജ്ഞാനിയാകുന്നു; അവന്‍ അനര്‍ത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവന്‍ ദുഷ്കര്‍മ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേലക്കും.
  
3. മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
  
4. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നുസിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാന്‍ ഇറങ്ങിവരും.
  
5. പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവന്‍ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
  
6. യിസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിന്‍ .
  
7. അന്നാളില്‍ നിങ്ങളില്‍ ഔരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ ത്യജിച്ചുകളയും.
  
8. എന്നാല്‍ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാല്‍ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര്‍ വാളിന്നു ഒഴിഞ്ഞു ഔടിപ്പോയാല്‍ അവരുടെ യൌവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.
  
9. ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര്‍ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനില്‍ തീയും യെരൂശലേമില്‍ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.