Home / Malayalam / Malayalam Bible / Web / Job

 

Job, Chapter 26

  
1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
  
2. നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
  
3. ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
  
4. ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചതു? ആരുടെ ശ്വാസം നിന്നില്‍നിന്നു പുറപ്പെട്ടു;
  
5. വെള്ളത്തിന്നും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.
  
6. പാതാളം അവന്റെ മുമ്പില്‍ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
  
7. ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു.
  
8. അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറിപ്പോകുന്നതുമില്ല.
  
9. തന്റെ സിംഹാസനത്തിന്റെ ദര്‍ശനം അവന്‍ മറെച്ചുവെക്കുന്നു; അതിന്മേല്‍ തന്റെ മേഘം വിരിക്കുന്നു.
  
10. അവന്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേല്‍ ഒരു അതിര്‍ വരെച്ചിരിക്കുന്നു.
  
11. ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു; അവന്റെ തര്‍ജ്ജനത്താല്‍ അവ ഭ്രമിച്ചുപോകുന്നു.
  
12. അവന്‍ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകര്‍ക്കുംന്നു.
  
13. അവന്റെ ശ്വാസത്താല്‍ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
  
14. എന്നാല്‍ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?