Home / Malayalam / Malayalam Bible / Web / Job

 

Job, Chapter 27

  
1. ഇയ്യോബ് തന്റെ സുഭാഷിതം തുടര്‍ന്നു ചൊല്ലിയതെന്തെന്നാല്‍
  
2. എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വ്വശക്തനാണ--
  
3. എന്റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ--
  
4. എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.
  
5. നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.
  
6. എന്റെ നീതി ഞാന്‍ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളില്‍ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
  
7. എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
  
8. ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാല്‍ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?
  
9. അവന്നു കഷ്ടത വരുമ്പോള്‍ ദൈവം അവന്റെ നിലവിളി കേള്‍ക്കുമോ?
  
10. അവന്‍ സര്‍വ്വശക്തനില്‍ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
  
11. ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാന്‍ നിങ്ങളെ ഉപദേശിക്കും; സര്‍വ്വശക്തന്റെ ആന്തരം ഞാന്‍ മറെച്ചുവെക്കയില്ല.
  
12. നിങ്ങള്‍ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങള്‍ വ്യര്‍ത്ഥബുദ്ധികളായിരിക്കുന്നതെന്തു?
  
13. ഇതു ദുര്‍ജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഔഹരിയും നിഷ്ഠൂരന്മാര്‍ സര്‍വ്വശക്തങ്കല്‍നിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.
  
14. അവന്റെ മക്കള്‍ പെരുകിയാല്‍ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
  
15. അവന്നു ശേഷിച്ചവര്‍ മഹാമാരിയാല്‍ കുഴിയില്‍ ആകും; അവന്റെ വിധവമാര്‍ വിലപിക്കയുമില്ല.
  
16. അവന്‍ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
  
17. അവന്‍ സമ്പാദിച്ചു എന്നേയുള്ളു; നീതിമാന്‍ അതു ഉടുക്കും; കുറ്റമില്ലാത്തവന്‍ വെള്ളി പങ്കിടും.
  
18. ചെലന്തിയെപ്പോലെ അവന്‍ വീടുപണിയുന്നു; കാവല്‍ക്കാരന്‍ മാടം കെട്ടുന്നതുപോലെ തന്നേ.
  
19. അവന്‍ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവന്‍ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.
  
20. വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയില്‍ കൊടുങ്കാറ്റു അവനെ കവര്‍ന്നു കൊണ്ടുപോകുന്നു.
  
21. കിഴക്കന്‍ കാറ്റു അവനെ പിടിച്ചിട്ടു അവന്‍ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.
  
22. ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യില്‍നിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.
  
23. മനുഷ്യര്‍ അവന്റെ നേരെ കൈകൊട്ടുംഅവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.