Home / Malayalam / Malayalam Bible / Web / Judges

 

Judges, Chapter 17

  
1. എഫ്രയീംമലനാട്ടില്‍ മീഖാവു എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു.
  
2. അവന്‍ തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു അവന്റെ അമ്മ പറഞ്ഞു.
  
3. അവന്‍ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മകൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ ഞാന്‍ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവേക്കു നേര്‍ന്നിരിക്കുന്നു; ആകയാല്‍ ഞാന്‍ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
  
4. അവന്‍ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.
  
5. മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന്‍ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരില്‍ ഒരുത്തനെ കരപൂരണം കഴിച്ചു; അവന്‍ അവന്റെ പുരോഹിതനായ്തീര്‍ന്നു.
  
6. അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ ബോധിച്ചതു പോലെ നടന്നു.
  
7. യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്‍നിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന്‍ ലേവ്യനും അവിടെ വന്നുപാര്‍ത്തവനുമത്രേ.
  
8. തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍ വേണ്ടി അവന്‍ യെഹൂദയിലെ ബേത്ത്ളേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തില്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്റെ വീടുവരെ എത്തി.
  
9. മീഖാവു അവനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു വരുന്ന ഒരു ലേവ്യന്‍ ആകുന്നു; തരം കിട്ടുന്നേടത്തു പാര്‍പ്പാന്‍ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
  
10. മീഖാവു അവനോടുനീ എന്നോടുകൂടെ പാര്‍ത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്കു ആണ്ടില്‍ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന്‍ അകത്തു ചെന്നു.
  
11. അവനോടുകൂടെ പാര്‍പ്പാന്‍ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരില്‍ ഒരുത്തനെപ്പോലെ ആയ്തീര്‍ന്നു.
  
12. മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീര്‍ന്നു മീഖാവിന്റെ വീട്ടില്‍ പാര്‍ത്തു.
  
13. ഒരു ലേവ്യന്‍ എനിക്കു പുരോഹിതനായിരിക്കയാല്‍ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോള്‍ തീര്‍ച്ചതന്നേ എന്നു മീഖാവു പറഞ്ഞു.