Home / Malayalam / Malayalam Bible / Web / Leviticus

 

Leviticus, Chapter 9

  
1. എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേല്‍മൂപ്പന്മാരെയും വിളിച്ചു,
  
2. അഹരോനോടു പറഞ്ഞതു എന്തെന്നാല്‍നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
  
3. എന്നാല്‍ യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍യഹോവയുടെ സന്നിധിയില്‍ യാഗം കഴിക്കേണ്ടതിന്നു നിങ്ങള്‍ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിന്‍ കുട്ടിയെയും
  
4. സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്ത ഭോജനയാഗത്തെയും എടുപ്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷനാകും.
  
5. മോശെ കല്പിച്ചവയെ അവര്‍ സമാഗമനക്കുടാരത്തിന്നു മുമ്പില്‍ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയില്‍ നിന്നു.
  
6. അപ്പോള്‍ മോശെനിങ്ങള്‍ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
  
7. അഹരോനോടു മോശെനീ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അര്‍പ്പിച്ചു അവര്‍ക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.
  
8. അങ്ങനെ അഹരോന്‍ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളകൂട്ടിയെ അറുത്തു;
  
9. അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ രക്തത്തില്‍ വിരല്‍ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു.
  
10. പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  
11. അതിന്റെ മാംസവും തോലും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു.
  
12. അവന്‍ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
  
13. അവര്‍ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്‍ അവയെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
  
14. അവന്‍ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേല്‍ ഹോമയാഗത്തിന്‍ മീതെ ദഹിപ്പിച്ചു.
  
15. അവന്‍ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നുജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്‍പ്പിച്ചു.
  
16. അവന്‍ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അര്‍പ്പിച്ചു.
  
17. അവന്‍ ഭോജനയാഗം കൊണ്ടുവന്നു അതില്‍ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
  
18. പിന്നെ അവന്‍ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
  
19. കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
  
20. അവര്‍ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേല്‍ വെച്ചു; അവന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
  
21. എന്നാല്‍ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോന്‍ യഹോവയുടെ സന്നിധിയില്‍ നീരാജാനാര്‍പ്പണമായി നീരാജനം ചെയ്തു.
  
22. പിന്നെ അഹരോന്‍ ജനത്തിന്നു നേരെ കൈ ഉയര്‍ത്തി അവരെ ആശീര്‍വ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചിട്ടു അവന്‍ ഇറങ്ങിപ്പോന്നു.
  
23. മോശെയും അഹരോനും സമാഗമനക്കുടാരത്തില്‍ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്‍വ്വദിച്ചു; അപ്പോള്‍ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
  
24. യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല്‍ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍ ആര്‍ത്തു സാഷ്ടാംഗം വീണു.