Home / Malayalam / Malayalam Bible / Web / Psalms

 

Psalms, Chapter 108

  
1. ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
  
2. ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; എന്റെ മനംകൊണ്ടു ഞാന്‍ കീര്‍ത്തനം പാടും.
  
3. വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ ; ഞാന്‍ അതികാലത്തെ ഉണരും.
  
4. യഹോവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
  
5. നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
  
6. ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിക്കും മീതെ തന്നേ.
  
7. നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
  
8. ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
  
9. ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
  
10. മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ ഞാന്‍ ജയഘോഷംകൊള്ളും.
  
11. ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴിനടത്തും?
  
12. ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
  
13. വൈരിയുടെ നേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
  
14. ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.