Home / Malayalam / Malayalam Bible / Web / Zephaniah

 

Zephaniah, Chapter 2

  
1. നാണമില്ലാത്ത ജാതിയേ, നിര്‍ണ്ണയം ഫലിക്കുന്നതിന്നു മുമ്പെ--ദിവസം പതിര്‍പോലെ പാറിപ്പോകുന്നു--യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേല്‍ വരുന്നതിന്നു മുമ്പെ,
  
2. യഹോവയുടെ കോപദിവസം നിങ്ങളുടെ മേല്‍ വരുന്നതിന്നു മുമ്പെ, കൂടിവരുവിന്‍ ; അതേ, കൂടിവരുവിന്‍ !
  
3. യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍ ; നീതി അന്വേഷിപ്പിന്‍ ; സൌമ്യത അന്വേഷിപ്പിന്‍ ; പക്ഷെ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം.
  
4. ഗസ്സാ നിര്‍ജ്ജനമാകും; അസ്കലോന്‍ ശൂന്യമായ്തീരും; അസ്തോദിനെ അവര്‍ മദ്ധ്യാഹ്നത്തിങ്കല്‍ നീക്കിക്കളയും; എക്രോന്നു നിര്‍മ്മൂലനാശം വരും.
  
5. സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.
  
6. സമുദ്രതീരം ഇടയന്മാര്‍ക്കും കുടിലുകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.
  
7. തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവര്‍ അവിടെ മേയക്കും; അസ്കലോന്‍ വീടുകളില്‍ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.
  
8. മോവാബിന്റെ ധിക്കാരവും അമ്മോന്യര്‍ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.
  
9. അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില്‍ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയില്‍ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
  
10. ഇതു അവരുടെ അഹങ്കാരംനിമിത്തം അവര്‍ക്കും ഭവിക്കും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
  
11. യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന്‍ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;
  
12. നിങ്ങളോ കൂശ്യരേ, എന്റെ വാളിനാല്‍ നിഹതന്മാര്‍!
  
13. അവന്‍ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.
  
14. അതിന്റെ നടുവില്‍ ആട്ടിന്‍ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയില്‍ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതില്‍ക്കല്‍ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാല്‍ ഉമ്മരപ്പടിക്കല്‍ ശൂന്യതയുണ്ടു.
  
15. ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തില്‍ പറഞ്ഞു നിര്‍ഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; ഇതു ശൂന്യവും മൃഗങ്ങള്‍ക്കു കിടപ്പിടവുമായ്തീര്‍ന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകത്തി കൈ കുലുക്കും.