1. അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകന്‍ അവന്നു പകരം രാജാവായി.
2. അപ്പോള്‍ ദാവീദ്നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കല്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍
3. അമ്മോന്യ പ്രഭുക്കന്മാര്‍ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കല്‍ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാര്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്നു പറഞ്ഞു.
4. അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
5. ചിലര്‍ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാല്‍ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവു പറയിച്ചു.
6. തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
7. അവര്‍ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവര്‍ വന്നു മെദേബെക്കു മുമ്പില്‍ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളില്‍നിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.
8. ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
9. അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
10. തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലായിസ്രായേല്‍വീരന്മാരില്‍നിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യര്‍ക്കെതിരെ അണിനിരത്തി.
11. ശേഷം പടജ്ജനത്തെ അവന്‍ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവര്‍ അമ്മോന്യര്‍ക്കെതിരെ അണിനിരന്നു.
12. പിന്നെ അവന്‍ അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ നിനക്കു സഹായം ചെയ്യും.
13. ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
14. പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.
15. അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പില്‍നിന്നു ഔടി, പട്ടണത്തില്‍ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
16. തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടപ്പോള്‍ അവര്‍ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്‍ അവരുടെ നായകനായിരുന്നു.
17. അതു ദാവീദിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേലിനെയും കൂട്ടി യോര്‍ദ്ദാന്‍ കടന്നു അവര്‍ക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യര്‍ക്കും നേരെ പടെക്കു അണിനിരത്തിയ ശേഷം അവര്‍ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
18. എന്നാല്‍ അരാമ്യര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ദാവീദ് അരാമ്യരില്‍ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.
19. ഹദദേസെരിന്റെ ഭൃത്യന്മാര്‍ തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാന്‍ അരാമ്യര്‍ പിന്നെ തുനിഞ്ഞതുമില്ല.
|