1. അനന്തരം യിസ്രായേല്‍മക്കളുടെ സംഘം എല്ലാം സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളില്‍ രെഫീദീമില്‍ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.
2. അതുകൊണ്ടു ജനം മോശെയോടുഞങ്ങള്‍ക്കു കുടിപ്പാന്‍ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടുനിങ്ങള്‍ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങള്‍ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.
3. ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തുഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.
4. മോശെ യഹോവയോടു നിലവിളിച്ചുഈ ജനത്തിന്നു ഞാന്‍ എന്തു ചെയ്യേണ്ടു? അവര്‍ എന്നെ കല്ലെറിവാന്‍ പോകുന്നുവല്ലോ എന്നു പറഞ്ഞു.
5. യഹോവ മോശെയോടുയിസ്രായേല്‍മൂപ്പന്മാരില്‍ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യില്‍ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.
6. ഞാന്‍ ഹോരേബില്‍ നിന്റെ മുമ്പാകെ പാറയുടെ മേല്‍ നിലക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേല്‍മൂപ്പന്മാര്‍ കാണ്‍കെ മോശെ അങ്ങനെ ചെയ്തു.
7. യിസ്രായേല്‍മക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു അവര്‍ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.
8. രെഫീദീമില്‍വെച്ചു അമാലേക്‍ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
9. അപ്പോള്‍ മോശെ യോശുവയോടുനീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ നാളെ കുന്നിന്‍ മുകളില്‍ ദൈവത്തിന്റെ വടി കയ്യില്‍ പിടിച്ചും കൊണ്ടു നിലക്കും എന്നു പറഞ്ഞു.
10. മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാല്‍ മോശെയും അഹരോനും ഹൂരും കുന്നിന്‍ മുകളില്‍ കയറി.
11. മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ യിസ്രായേല്‍ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍ അമാലേക്‍ ജയിക്കും.
12. എന്നാല്‍ മോശെയുടെ കൈ ഭാരം തോന്നിയപ്പോള്‍ അവര്‍ ഒരു കല്ലു എടുത്തുവെച്ചു, അവന്‍ അതിന്മേല്‍ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ ഇപ്പുറത്തും ഒരുത്തന്‍ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യന്‍ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.
13. യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു.
14. യഹോവ മോശെയോടുനീ ഇതു ഔര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക; ഞാന്‍ അമാലേക്കിന്റെ ഔര്‍മ്മ ആകാശത്തിന്റെ കീഴില്‍നിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
15. പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
16. യഹോവയുടെ സീംഹാസനത്താണ യഹോവേക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവന്‍ പറഞ്ഞു.
|