1. ബാബേല്‍പുത്രിയായ കന്യകേ, ഇറങ്ങി പൊടിയില്‍ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
2. തിരികല്ലു എടുത്തു മാവു പൊടിക്ക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറെക്കാതെ നദികളെ കടക്ക.
3. നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാന്‍ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.
4. ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധന്‍ എന്നാകുന്നു അവന്റെ നാമം.
5. കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല.
6. ഞാന്‍ എന്റെ ജനത്തോടു ക്രുദ്ധിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെ മേല്‍പോലും നിന്റെ ഭാരമുള്ള നുകം വെച്ചിരിക്കുന്നു.
7. ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഔര്‍ക്കാതെയും ഇരുന്നു.
8. ആകയാല്‍ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക
9. പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തില്‍ തന്നേ നിനക്കു ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.
10. നീ നിന്റെ ദുഷ്ടതയില്‍ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തില്‍ പറഞ്ഞു.
11. അതുകൊണ്ടു മന്ത്രവാദത്താല്‍ നീക്കുവാന്‍ കഴിയാത്ത അനര്‍ത്ഥം നിന്റെമേല്‍ വരും; നിന്നാല്‍ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെ മേല്‍ വരും.
12. നീ ബാല്യം മുതല്‍ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങള്‍കൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോള്‍ നിന്നുകൊള്‍ക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!
13. നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോള്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
14. ഇതാ, അവര്‍ താളടിപോലെര ആയി തീക്കു ഇരയാകും; അവര്‍ അഗ്നിജ്വാലയില്‍നിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിര്‍ മാറ്റുവാന്‍ തക്ക കനലും കായുവാന്‍ തക്ക തീയും അല്ല.
15. ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതല്‍ നിന്നോടുകൂടെ വ്യപാരം ചെയ്തവര്‍ ഔരോരുത്തന്‍ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും ആരും നിന്നെ രക്ഷിക്കയില്ല.
|