1. അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍
2. നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍ .
3. രാജാക്കന്മാരേ, കേള്‍പ്പിന്‍ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ ; ഞാന്‍ പാടും യഹോവേക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.
4. യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,
5. യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.
6. അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.
7. ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.
8. അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
9. എന്റെ ഹൃദയം യിസ്രായേല്‍നായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍ .
10. വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !
11. വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.
12. ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്‍ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.
13. അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
14. എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.
15. യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
16. ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയില്‍ പാര്‍ക്കുംന്നതെന്തു? രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
17. ഗിലെയാദ് യോര്‍ദ്ദാന്നക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.
18. സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍ തന്നേ.
19. രാജാക്കന്മാര്‍ വന്നു പൊരുതുതാനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.
20. ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.
21. കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.
22. അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.
23. മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ , അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവേക്കു തുണയായി തന്നേ.
24. കേന്യനാം ഹേബേരിന്‍ ഭാര്യയാം യായേലോ നാരീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍.
25. തണ്ണീര്‍ അവന്‍ ചോദിച്ചു, പാല്‍ അവള്‍ കൊടുത്തു; രാജകീയപാത്രത്തില്‍ അവള്‍ ക്ഷീരം കൊടുത്തു.
26. കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
27. അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍ ചത്തുകിടന്നു.
28. സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതുഅവന്റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?
29. ജ്ഞാനമേറിയ നായകിമാര്‍ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു
30. കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.
31. യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
|