1. ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.
2. നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
3. അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരില്‍ ശേഷിപ്പുള്ളവര്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിവരും.
4. എന്നാല്‍ അവന്‍ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവന്‍ നിര്‍ഭയം വസിക്കും; അവന്‍ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5. അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളില്‍ ചവിട്ടുമ്പോള്‍ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.
6. അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും.
7. യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
8. യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
9. നിന്റെ കൈ നിന്റെ വൈരികള്‍ക്കുമീതെ ഉയര്‍ന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
10. അന്നാളില്‍ ഞാന്‍ നിന്റെ കുതിരകളെ നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
11. ഞാന്‍ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.
12. ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യില്‍നിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്കു ഇനി ഉണ്ടാകയുമില്ല.
13. ഞാന്‍ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
14. ഞാന്‍ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവില്‍നിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.
15. ഞാന്‍ ജാതികളോടു അവര്‍ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടും കൂടെ പ്രതികാരം ചെയ്യും.
|