1. നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.
2. നിന്റെ വായല്ല മറ്റൊരുത്തന്‍ , നിന്റെ അധരമല്ല വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.
3. കല്ലു ഘനമുള്ളതും മണല്‍ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.
4. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?
5. മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.
6. സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
7. തിന്നു തൃപ്തനായവന്‍ തേന്‍ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.
8. കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
9. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.
10. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടില്‍ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്‍ക്കാരന്‍ നല്ലതു.
11. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.
12. വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
13. അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.
14. അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.
15. പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
16. അവളെ ഒതുക്കുവാന്‍ നോക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാന്‍ പോകുന്നു.
17. ഇരിമ്പു ഇരിമ്പിന്നു മൂര്‍ച്ചകൂട്ടുന്നു; മനുഷ്യന്‍ മനുഷ്യന്നു മൂര്‍ച്ചകൂട്ടുന്നു.
18. അത്തികാക്കുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.
19. വെള്ളത്തില്‍ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
20. പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.
21. വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.
22. ഭോഷനെ ഉരലില്‍ ഇട്ടു ഉലക്കകൊണ്ടു അവില്‍പോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
23. നിന്റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളില്‍ നന്നായി ദൃഷ്ടിവെക്കുക.
24. സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
25. പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പര്‍വ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
26. കുഞ്ഞാടുകള്‍ നിനക്കു ഉടുപ്പിന്നും കോലാടുകള്‍ നിലത്തിന്റെ വിലെക്കും ഉതകും.
27. കോലാടുകളുടെ പാല്‍ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.
|