1. മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!
2. അവള്‍ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയില്‍ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.
3. അതിന്നകത്തു അതിന്റെ പ്രഭുക്കന്മാര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍; അതിന്റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍; അവര്‍ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല.
4. അതിന്റെ പ്രവാചകന്മാര്‍ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാല്‍ക്കാരം ചെയ്തിരിക്കുന്നു.
5. യഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു അവന്‍ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവന്‍ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
6. ഞാന്‍ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങള്‍ ശൂന്യമായിരിക്കുന്നു; ഞാന്‍ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങള്‍ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
7. നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊള്‍ക എന്നു ഞാന്‍ കല്പിച്ചു; എന്നാല്‍ ഞാന്‍ അവളെ സന്ദര്‍ശിച്ചതുപോലെ ഒക്കെയും അവളുടെ പാര്‍പ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവര്‍ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഒക്കെയും ചെയ്തുപോന്നു.
8. അതുകൊണ്ടു ഞാന്‍ സാക്ഷിയായി എഴുന്നേലക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിന്‍ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേര്‍ക്കുംവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു; സര്‍വ്വഭൂമിയും എന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും.
9. അപ്പോള്‍ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും നിര്‍മ്മലമായുള്ള അധരങ്ങളെ വരുത്തും.
10. കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികള്‍, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.
11. അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപര്‍വ്വതത്തില്‍ ഇനി ഗര്‍വ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളും നിമിത്തം നീ അന്നാളില്‍ ലജ്ജിക്കേണ്ടിവരികയില്ല.
12. ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും.
13. യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കയില്ല; ഭോഷകുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായില്‍ ഉണ്ടാകയില്ല; അവര്‍ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
14. സീയോന്‍ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആര്‍പ്പിടുക; യെരൂശലേം പുത്രിയേ, പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
15. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല.
16. അന്നാളില്‍ അവര്‍ യെരൂശലേമിനോടുഭയപ്പെടരുതെന്നും സീയോനോടുഅധൈര്യപ്പെടരുതെന്നും പറയും.
17. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
18. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാന്‍ ചേര്‍ത്തുകൊള്ളും.
19. നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുംകയും ചെയ്യും.
20. ആ കാലത്തു ഞാന്‍ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാന്‍ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ ഞാന്‍ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയില്‍ കീര്‍ത്തിയും പ്രശംസയും ആക്കിത്തീര്‍ക്കുംമെന്നു യഹോവ അരുളിച്ചെയ്യുന്നു.
|